To register a new account on this wiki, contact us

Letter to Chief Minister of Kerala Regarding Oruma

From FSCI Wiki
Jump to navigation Jump to search

Premise: Discussion thread on fsug-tvm mailinglist http://groups.google.com/group/ilug-tvm/browse_thread/thread/f5a986d135e48896#


Letter text goes below


ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം കൊണ്ടുവന്ന ഐടി നയം സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് കാര്യമായ മുന്‍തൂക്കം നല്‍കുന്ന ഒന്നാണു് എന്നതു് കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ശ്രദ്ധേയമായ ഒന്നായിരുന്നു. എന്നാല്‍ ഈ നയം ലംഘിച്ചുകൊണ്ടു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നു് ഇടയ്ക്കിടയ്ക്കു് ഉണ്ടാകാറുണ്ടു്. അങ്ങനെ സംഭവിക്കുമ്പോള്‍ അക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ടു്. ആ സന്ദര്‍ഭങ്ങളില്‍ അതുണ്ടാകാതിരിക്കാനായി അങ്ങു് നടപടികള്‍ എടുക്കാറുണ്ടു് എന്ന കാര്യം ഞങ്ങള്‍ സന്തോഷത്തോടെ സ്മരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഒരു ശ്രമം വീണ്ടും നടക്കുന്നതായി അറിയുന്നു. അതോടൊപ്പം ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നതായി ഞങ്ങള്‍ കേള്‍ക്കുന്നു. ഈ സാഹചര്യത്തിലാണു് ഇപ്പോള്‍ അങ്ങേയ്ക്കു് ഈ കത്തെഴുതുന്നതു്.

കേരളത്തിനു് അഭിമാനവും ലോകത്തുതന്നെ മറ്റുള്ളവര്‍ക്കു് മാതൃകയുമായ കാര്യമായിരുന്നു കേരളത്തിലെ ലോ ടെന്‍ഷന്‍ വൈദ്യുതി ഉപയോക്താക്കള്‍ക്കു് ബില്ലു് തയാറാക്കാനുള്ള സോഫ്റ്റ്‌വെയര്‍ 'ഒരുമ' എന്ന പേരില്‍ നമ്മുടെ വൈദ്യുതി ബോര്‍ഡിനെ എഞ്ചിനിയര്‍മാര്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി തയാറാക്കിയതു്. എന്നാല്‍ ഇപ്പോള്‍ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കുള്ള ബില്ലു് തയാറാക്കാനുള്ള സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറില്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടക്കുന്നതായി ഞങ്ങള്‍ക്കു് വിവരം ലഭിച്ചിരിക്കുന്നു. പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ചെയ്യാന്‍ തയാറായ കമ്പനിയെ ഒഴിവാക്കിക്കൊണ്ടാണു് ടെണ്ടര്‍ നിശ്ചയിച്ചതു് എന്നാണു് ഞങ്ങള്‍ക്കു് അറിയാന്‍ കഴിഞ്ഞതു്. (അടുത്ത കാലത്തു് "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാശി മൂലം സംസ്ഥാനത്തിനു് കോടിക്കണക്കിനു് രൂപ നഷ്ടമാകാന്‍ പോകുന്നു" എന്നു് ഒരു വാര്‍ത്ത ഒരു പ്രമുഖ പത്രത്തില്‍ വന്നതു് ഇതുമായി ബന്ധപ്പെട്ടല്ലേ എന്നു് ഞങ്ങള്‍ സംശയിക്കുന്നു.) പുതിയ സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതോടൊപ്പം ഒരുമ എന്ന സോഫ്റ്റ്‌വെയര്‍ ഒഴിവാക്കി പകരം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നും ഞങ്ങള്‍ കേള്‍ക്കുന്നു. സോഫ്റ്റ്‌വെയര്‌ നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ വിളിച്ചപ്പോള്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിക്കണം എന്നു് നിഷ്‌ക്കര്‍ഷിച്ചിരുന്നെങ്കിലും അതു് മറികടന്നു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഉപദേശമാണു് കണ്‍സള്‍ട്ടിംഗ് കമ്പനി നല്‍കിയിരിക്കുന്നതു് എന്നും ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ ഏല്പിക്കേണ്ടതു് ആരെയാണു് എന്നതിനെക്കുറിച്ചു് ഏതാണ്ടു് തീരുമാനം ആയിട്ടുണ്ടു് എന്നുമാണു് ഞങ്ങള്‍ മനസിലാക്കുന്നതു്. ഇതില്‍ അഴിമതിയുടെ അംശം അടങ്ങിയിട്ടില്ലേ എന്നും ഞങ്ങള്‍ക്കു് സംശയമുണ്ടു്.

ഇക്കാര്യത്തില്‍ അങ്ങയുടെ ശ്രദ്ധ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിനുവേണ്ടി